വത്തിക്കാൻ സിറ്റി: എളിമ, അത്ഭുതം, സന്തോഷം എന്നിവയോടുകൂടി ക്രിസ്തുവിന്റെ പാത പിന്തുടരാൻ നവ കർദിനാൾമാരോടു ഫ്രാൻസിസ് മാർപാപ്പ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ 21 പേരെ കർദിനാൾ തിരുസംഘത്തിലേക്ക് ഉയർത്തിയശേഷം വിശുദ്ധ കുർബാനമധ്യേ വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
ക്രിസ്തുവിന്റെ ജറൂസലെമിലേക്കുള്ള പ്രവേശനം ലോകകാര്യങ്ങൾക്കായല്ലായിരുന്നുവെന്നും ദൈവമഹത്വത്തിനു വേണ്ടിയായിരുന്നുവെന്നും മാർപാപ്പ പറഞ്ഞു. ഇതുപോലെ നിങ്ങളും ദൈവത്തിനു കേന്ദ്രസ്ഥാനം നൽകണം. ഐക്യം വളർത്തുകയും വേണം.
നമ്മെ പുനർനിർമിക്കാൻ വേണ്ടിയാണു ക്രിസ്തു കുരിശിൽ മരിച്ചത്. അതിനായി ക്രിസ്തു ബുദ്ധിമുട്ടേറിയ പാത സ്വീകരിച്ചു. അത് കാൽവരിയിലേക്കു നയിച്ചു. എന്നാൽ, ശിഷ്യന്മാർ വിജയശ്രീലാളിതനായ ക്രിസ്തുവിനെയാണു സ്വപ്നം കണ്ടത്.
അതുപോലെ നമുക്കും സംഭവിക്കാം. ബഹുമാനം തേടൽ, അധികാര ദുർവിനിയോഗം എന്നിവയിലൂടെ ദൈവീകകാര്യങ്ങളിൽ മാനുഷികത കടന്നുവരാം. അതിനാൽ, നാം നമ്മിലേക്കുതന്നെ നോക്കണം. എളിമയോടെ ദൈവസന്നിധിയിൽ നിൽക്കണം.
ക്രിസ്തുവിന്റെ പാതയിലൂടെ സഞ്ചരിക്കുകയെന്നു പറഞ്ഞാൽ, ക്രിസ്തുവിലേക്ക് മടങ്ങുകയെന്നതാണ്. എല്ലാറ്റിന്റെയും കേന്ദ്രസ്ഥാനത്ത് ക്രിസ്തുവിനെ നിർത്തണം. കർദിനാൾ എന്ന പദത്തിനു വിജാഗിരി എന്നാണർഥം. വാതിലിനെ ബലപ്പെടുത്തുകയാണ് അതിന്റെ ഉത്തരവാദിത്വം. – മാർപാപ്പ പറഞ്ഞു.